തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. മൂന്നാം ഉത്സവ ദിനമായ ഇന്നാണ് ക്ഷേത്രത്തിലെ പ്രധാന നേര്‍ച്ചയായ കുത്തിയോട്ട വ്രതത്തിനു തുടക്കം കുറിക്കുന്നത്. പത്തിനും പന്ത്രണ്ടി നും ഇടയില്‍ പ്രായമുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം നേരുന്നത്. ഇക്കൊല്ലം കുത്തിയോട്ട വ്രതത്തിന് 581 ബാലന്മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാവിലെ 8.45ന് ഇവര്‍ വ്രതം തുടങ്ങും.
ക്ഷേത്രത്തില്‍ താമസിച്ചു കൊണ്ട് ഒറ്റ തോര്‍ത്തുടുത്ത് നിത്യേന കുളിച്ച് ആയിരത്തി എട്ട് നമസ്കാരങ്ങള്‍ ഇവര്‍ പൂര്‍ത്തിയാക്കണം. കുളിച്ച് വ്രതശുദ്ധിയോടെ ക്ഷേത്രമതില്‍ കെട്ടിനുള്ളില്‍ ഏഴുദിവസം കഴിയുന്ന ഇവര്‍ ഈ കാലയവളില്‍ ആയിരത്തി എട്ട് നമസ്കാരം ദേവിയുടെ തിരുമുമ്പില്‍ നടത്തുന്നു. ഒന്‍പതാം ഉത്സവ ദിവസം വൈകുന്നേരം ഇവരെ അണിയിച്ചൊരുക്കി ദേവിയുടെ തിരുമുമ്പില്‍വച്ച് ചൂരല്‍ കുത്തുന്നു.
തുടര്‍ന്നു ദേവിയുടെ എഴുന്നള്ളത്തിന് ഇവര്‍ അകമ്പടി സേവിക്കും. എഴുന്നള്ളത്തു തിരികെ ക്ഷേത്രത്തില്‍ എത്തിയ ശേഷം ചൂരല്‍ ഇളക്കുന്നതോടുകൂടി മാത്രമേ കുത്തിയോട്ട വ്രതം അവസാനിക്കുകയുള്ളൂ. ദേവിക്ക് ഏറ്റവും പ്രിയങ്കരമായ ഒരു നേര്‍ച്ചയാണിത്. ക്ഷേത്രാചാര പ്രകാരമാണ് കുട്ടികള്‍ ഏ ഴു ദിവസവും ക്ഷേത്രത്തില്‍ കഴിയുന്നത്. ഇതിനു പുറമെ ഒരു പണ്ടാര ഓട്ടംകൂടി ദേവിക്ക് അകമ്പടി സേവിക്കുന്നതാണ്.
കോവലനും ദേവിയുമായുള്ള വിവാഹത്തിന്റെ വര്ണ്ണനകളടങ്ങിയ തോറ്റം പാട്ടും ഇന്നാണ് അരങ്ങേറുന്നത്. മാര്‍ച്ച് മൂന്നിന് രാവിലെ 9.45ന് പണ്ടാര അടുപ്പിലേക്ക് തീപകരും. ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യം. പൊങ്കാല ദിവസം ജില്ലയ്ക്ക് പൊതു അവധിയായിരിക്കും. നഗരപരിധിയില്‍ മദ്യനിരോധനവും ഏര്‍പ്പെടുത്തും. ഗ്രീന്‍ പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കും.
പൊങ്കാല ദിവസം ചന്ദ്രഗ്രഹണമായതിനാല്‍ വൈകുന്നേരം 3.10 മുതല്‍ രാത്രി 7 വരെ നട അടയ്ക്കും. അതുകൊണ്ട് താലപ്പൊലി നേര്‍ച്ചക്കാര്‍ ഉച്ചയ്ക്ക്1.30നു മുമ്പായി ക്ഷേത്രത്തിലെത്തണം. മാര്‍ച്ച് നാലിന് രാത്രി 9.45ന് കാപ്പഴിച്ച് കുടിയിളക്കിയ ശേഷം 12.45ന് നടക്കുന്ന കുരുതി തര്‍പ്പണത്തോടെ ചടങ്ങുകൾ സമാപിക്കും.